November 19, 2026
11 11 11 AM

നവദുർഗ്ഗാ

ശൈലപുത്രി

ഹിമവാൻറെ മകളായി പിറന്ന ദാക്ഷായണി നീ
മലയിൻ സ്ഥിരതയും ശുദ്ധിയും സദ്ഗുണവും നീ
എന്നെ കാക്കുവാൻ ഒരു കയ്യിൽ ത്രിശൂലം ഏന്തും നീ
മറുകയ്യിൽ സ്നേഹത്തിൻ താമരയും ഏന്തി നീ

ബ്രഹ്മചാരിണി

നിൻ കയ്യിൽ രുദ്രാക്ഷവും, കമണ്ഡലുവും കണ്ടു
അറിവ് നേടാൻ വേറെവിടെ ഞാൻ ചെല്ലേണ്ടു
ബ്രഹ്മം അറിഞ്ഞവൾ നീ, നിൻ ശുഭ്രവസ്ത്രവും കണ്ടു
ശരണാഗതി തേടും ഞാൻ, അത് നിൻ കാൽക്കളിൽ കണ്ടു

ചന്ദ്രഘണ്ഠാ

മണിനാദം എൻ നന്മകളെ ഞാൻ അറിയുവാനാണോ
ക്രോധമടക്കാൻ വേണ്ടി നീ പുലിമേൽ ഇരുന്നതാണോ
തിങ്കൾ ചൂടിയതും, ചുമപ്പണിഞതും എനിക്കായാണോ
ശിവനിൽ ഒന്നായ അമ്മേ, നീ എന്നെ കാക്കാൻ വന്നതാണോ

കൂഷ്മാണ്ഡ

അഷ്ടബാഹുക്കളിൽ ആയുധങ്ങൾ ഏന്തി, സിംഹത്തിലേറി
ആദിത്യനെ പോലെ, എനിക്ക് സ്നേഹത്തിൻ ചൂടേകി നീ
ലോകമാതാവാണ്‌ നീ, നിനുള്ളിൽ ബ്രഹ്‌മാണ്ഡങ്ങൾ അടങ്ങി
എന്നറിഞ്ഞ ലോകം, ധൈര്യം തേടി നിൻ പാദങ്ങൾ പൂകി

സ്കന്ദമാതാ

അഭയ വരദ മുദ്രകളോടുകൂടി, നിൻ മടിയിൽ ഞാൻ
മുരുകനെ, എൻ അഴകനെ കണ്ടു, ആമോദം കൊണ്ടു ഞാൻ
നാലു കരങ്ങളിൽ രണ്ടിലും പങ്കജം കണ്ട ഞാൻ
നീ ആകും ‘അമ്മ തൻ സ്നേഹം അറിഞ്ഞു ഞാൻ

കത്യായനി

ത്രിനേത്രങ്ങളും, നാല് കരങ്ങളും, അതിൽ ഖഡ്ഗവും
താമരയും ഉള്ളവൾ നീ, നീ ഭരിക്കും എൻ മനമും
നിൻ വരവിൽ ഇനി അതിൽ അസുരനില്ല, ഭയവും ഇല്ല
മഹിഷാസുരനെ വധിച്ച അമ്മെ നീ ഇല്ലാതെ ഞാനുമില്ല

കാളരാത്രി

വജ്രവും വാളും കൊണ്ട് അന്ത്യത്തിൻ ഭയം നീക്കും
ഗർദ്ദഭത്തിൽ ഏറി നീയെൻ ആലസ്യം നീക്കും
ഉഗ്രകോപത്തിലും കൈകളാൽ അഭയ വരദമേകും
നിൻ സ്നേഹം അറിഞ്ഞു അമ്മേ, നീ എൻ ച്യുതി നീക്കും

മഹാഗൗരി

വെൺപട്ടിൽ വിളങ്ങും അമ്മേ, വിശുദ്ധിയും നീ
അരുളേക്കൂ പ്രത്യക്ഷമായ്, ഋഷഭത്തിൽ ഏറി നീ
കരങ്ങളിൽ ത്രിശൂലവും ഉടുക്കും ഏന്തിയ നീ
പരിലാളിച്ചെൻറെ രക്ഷക്കായ് എത്തുന്നതും നീ

സിദ്ധിധാത്രി

ശംഖും, ചക്രവും, ഗദാ പദ്മവും, ഞാൻ കണ്ടു
നിൻ മന്ദഹാസത്തിൽ അപൂർവ ശാന്തിയും കണ്ടു
അഷ്ടമാസിദ്ധികൾ തരുന്നതും നീ തന്നെയെന്ന് കണ്ടു
മുക്തിയും നിൻ അനുഗ്രഹമെന്ന സത്യവും കണ്ടു

Adv. Dr. ക്രിസ്സ് വേണുഗോപാൽ

Leave a Reply

Your email address will not be published. Required fields are marked *